Thursday, 27 November 2014

വിളകളുടെ തിരഞ്ഞെടുപ്പ്



കൃഷി സ്ഥലമൊരുക്കി കഴിഞ്ഞാല്‍ അവിടെ കൃഷി ചെയ്യേണ്ട പച്ചക്കറി ഇനങ്ങള്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചു വേണം തിരഞ്ഞെടുക്കേണ്ടത്.
ഇതിന്‍റെ വിവരം താഴെ കൊടുത്തിരിക്കുന്നു.

സീസണ്‍ 1 (ജൂണ്‍ - ഒക്ടോബ)
സീസണ്‍ 2 (നവംബര്‍ - മേയ്)
വെണ്ട
ചുവപ്പ് ചീര
വഴുതന
മത്തന്‍
പാവല്‍
ബീൻസ്
തക്കാളി
പടവലം
മുളക്
അമര
കോവല്‍
ഇഞ്ചി
വെള്ളരി
വെള്ളരി
പയർ
പയർ

പച്ച ചീര


ജല ലഭ്യത കൂടുതല്‍ ഉണ്ടെങ്കില്‍ മഴക്കാല വിളകളും വേനല്‍ക്കാലത്തിന്‍റെ ആരംഭത്തില്‍ കൃഷി ചെയ്യാവുന്നതാണ്.  എന്നാല്‍ മഴക്കാലത്ത് കൃഷി അല്‍പം ശ്രമകരമാണ്. കീടങ്ങളുടെ ആക്രമണം കൂടുതല്‍ ഉണ്ടാകുന്നതും മഴക്കാലത്താണ്.
നേരിട്ട് വിത്ത് പാകിയും തൈകള്‍ നട്ടും പച്ചക്കറികള്‍ വളര്‍ത്താം. വെണ്ട, പയർ, പാവല്‍, വെള്ളരി, പടവലം തുടങ്ങിയവ വിത്തു നേരിട്ട് പാകി വളര്‍ത്തുന്നവയാണ്. കൃഷിയിടത്തില്‍ ഒന്നര സെന്‍റി മീറ്റര്‍ ആഴത്തില്‍ രണ്ടോ മൂന്നോ വിത്ത് പാകുക. വിത്ത് മുളച്ച് ഒരാഴ്ച്ച കഴിയുമ്പോള്‍ ഒരു നല്ല തൈ നിര്‍ത്തിയിട്ട് ബാക്കിയുള്ളവ പിഴുതു കളയുക.

തക്കാളി, ചീര, വഴുതിന, മുളക് തുടങ്ങിയവയുടെ വിത്തുകള്‍ ചട്ടിയിലോ ഗ്രോ-ബാഗുകളിലോ പാകി മുളപ്പിച്ച് ഏകദേശം ഒരു മാസം പ്രായമാകുമ്പോള്‍ ഇളക്കി നടാം. വിത്തു പാകുന്നതിനു  മുൻപ് ചട്ടിയില്‍ ഒരു കിലോ കമ്പോസ്റ്റും ചകിരി ചോറും മണ്ണും മണലുമായി കലർത്തി നിറച്ചാല്‍ നല്ല ആരോഗ്യമുള്ള തൈകള്‍ ലഭിക്കും.

  • വിത്തുകളും തൈകളും പുറത്ത് നിന്നു വാങ്ങുമ്പോള്‍ ഗുണമേന്മ ഉറപ്പു വരുത്തി തന്നെ വാങ്ങണം. രോഗ പ്രതിരോധ ശക്തിയുള്ള വിത്തുകളും തൈകളും കാര്‍ഷിക കോളേജില്‍ നിന്നോ ആഗ്രോ സൊസൈറ്റികളില്‍ നിന്നോ ലഭിക്കും.
  • ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ അടുത്തടുത്ത് കൃഷി ചെയ്താല്‍(ഉദാ: തക്കാളി, വഴുതന, മുളക്) രോഗ കീട ബാധകള്‍ അവയെ പെട്ടെന്ന് കീഴ്പ്പെടുത്തും. 
  •  ഒരേ സ്ഥലത്ത് ഒന്നിലധികം തവണ ഒരേ വിള കൃഷി ചെയ്യുന്നത് വിളവ് കുറയ്ക്കും. ഓരോ ചെടിക്കും മണ്ണില്‍ നിന്നു വേണ്ട പോഷകങ്ങള്‍ വ്യത്യസ്ഥമായിരിക്കുന്നതിനാല്‍ വിളകള്‍ മാറ്റി മാറ്റി കൃഷി ചെയ്യുന്നതാണ് നല്ലത്. 
  •  ചീര നടുമ്പോള്‍ പച്ച ചീരയും ചുവന്ന ചീരയും ഇടകലർത്തി നടുന്നത് ഇലപ്പുള്ളി രോഗത്തെ തടയാന്‍ സഹായിക്കും. അതു പോലെ വീശി നനയ്ക്കുന്നത് ഒഴിവാക്കി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുത്താല്‍ ഇലപ്പുള്ളി രോഗം പടരുന്നതും തടയാം.
  •  

No comments: