Saturday 13 December 2014

ജൈവ വളങ്ങള്‍



രാസവളങ്ങള്‍ പരമാവധി ഒഴിവാക്കി പകരം ജൈവ വളങ്ങളും ജീവാണു വളങ്ങളും ഉപയോഗിക്കുന്ന ഒരു പ്രവണതയ്ക്ക് കേരളത്തില്‍ പ്രചാരം വര്‍ധിച്ചു വരുന്നുണ്ട്. എന്നാല്‍ കൃഷി കൂടുതല്‍ ആദായകരമാകണമെങ്കില്‍ ജൈവ വളങ്ങളെ, പ്രത്യേകിച്ച് വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്യാവുന്ന ജൈവവളങ്ങളെ, ആശ്രയിച്ചുള്ള ഒരു കൃഷി രീതിയ്ക്കാണ് മുന്ഗണന കൊടുക്കേണ്ടത്. ജീവാണു വളങ്ങള്‍ മണ്ണിനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുമെങ്കിലും അത് രാസവളം പോലെ തന്നെ കര്‍ഷകന്‍റെ കീശ കാലിയാക്കും. മികച്ച ജൈവ വളങ്ങള്‍ എങ്ങനെ വീട്ടില്‍ തയ്യാറാക്കാമെന്ന് നോക്കാം.

ശീമക്കൊന്ന
കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു പച്ചില വള മരമാണ് ശീമക്കൊന്ന. എത്ര കോതിയാലും വീണ്ടും പൊട്ടി മുളയ്ക്കാനുള്ള ഇതിന്‍റെ കഴിവ് അത്ഭുതാവഹമാണ്. ഇതിന്‍റെ മൃദുലമായ ഇലകള്‍ മണ്ണില്‍ വീണു കഴിഞ്ഞാല്‍ വേഗത്തില്‍ ചീഞ്ഞളിഞ്ഞു ജൈവാംശമായി മണ്ണില്‍ കലരും. പണ്ടുകാലത്ത് പറമ്പുകളുടെ അതിരില്‍ ശീമക്കൊന്ന ധാരാളമായി വളര്‍ത്തിയിരുന്നു എന്നാല്‍ ഇന്ന് ഇതിന്‍റെ സ്ഥാനം മുള്ളു വേലികള്‍ ഏറ്റെടുത്തതോടെ ഈ മരം അന്യം നിന്നു പോകുന്ന അവസ്ഥയാണ്. ശീമക്കൊന്നകളുടെ ഇലകള്‍ ശേഖരിച്ച് പച്ചക്കറികള്‍ക്ക് പുതയിടുന്നതു വഴി വേനലില്‍ മണ്ണില്‍ നിന്നും ജൈവാംശം വിഘടിച്ച് കാര്‍ബണ്‍ ഡൈ ഒക്സൈഡായി നഷ്ട്പ്പെടുന്നത് തടയാം. കൂടാതെ ഇലകള്‍ അഴുകി മണ്ണില്‍ ചേരുമ്പോള്‍ നല്ലൊരു നൈട്രജന്‍ വളവുമാകും.

അസോള
വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല സസ്യമായ അസോള നല്ലൊരു ജൈവ വളമെന്നതിലുപരി ഒരു കോഴി തീറ്റയും, കാലി തീറ്റയുമാണ്. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ഉള്ളിലെ കോശങ്ങളില്‍ സൂക്ഷിക്കുവാന്‍ അസോളയ്ക്ക് കഴിവുണ്ട്. അസോള വളമായി നല്‍കുമ്പോള്‍ ഈ നൈട്രജന്‍ ചെടികള്‍ക്ക് ലഭിക്കും.
മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം മിനിമം ഒരടി വേണം. വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിര്‍ണ്ണയിക്കാം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം. പ്ലാസ്റ്റിക് ഷീറ്റിനു മീതെ വളക്കൂറുള്ള മണ്ണ് നിരത്തണം അതിനു ശേഷം പച്ച ചാണകം വെള്ളത്തില്‍ കലക്കി മണ്ണിനു മീതെ ഒഴിക്കണം. ഇനി അരയടി ഉയരത്തില്‍ വെള്ളം നിറയ്ക്കാം.വെള്ളത്തിനു മുകളിലായി അസോള വിത്ത് വിതറണം. വിത്ത് വിതറിയ ശേഷം ഒരു കമ്പ് കൊണ്ട് നന്നായി കുളം ഇളക്കി കൊടുക്കണം. രണ്ടാഴ്ച കൊണ്ട് അസോള വളര്‍ന്നു വരും. രണ്ടര ആഴ്ച കഴിഞ്ഞാല്‍ വിളവെടുത്തു തുടങ്ങാം. വെള്ളത്തില്‍ നിന്ന് വാരിയെടുക്കുന്ന അസോള നേരിട്ട് ചെടിയുടെ ചുവട്ടിലിടാം. വൃത്തിയായി കഴുകിയ ശേഷം കാലിത്തീറ്റയുമായി ചേര്‍ത്ത് കാലികള്‍ക്കും കൊടുക്കാവുന്നതാണ്. ആഴ്ച തോറും പച്ച ചാണകം കുളത്തിലേക്ക് ഇട്ടു കൊടുക്കണം. കുളത്തിലെ വെള്ളം എല്ലായ്പ്പോഴും അരയടിയായി നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക. തണലുള്ള സ്ഥലങ്ങളാണ് അസോള കൃഷിയ്ക്ക് അനുയോജ്യം.

മുരിക്ക്
അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് അമോണിയ രൂപത്തില്‍ മണ്ണില്‍ നിക്ഷേപിക്കാന്‍ കഴിവുള്ള ഒരു നാടന്‍ മരമാണ് മുരിക്ക്. കുരുമുളക് പടര്‍ത്താനും വേലിക്ക് ഉറപ്പ് പകരാനും മുരിക്ക് നടാം. ഇതിന്‍റെ ഇലകളും വേഗത്തില്‍ ചീഞ്ഞളിഞ്ഞ് വളമായി മാറുന്നവയാണ്.

ജീവാമൃതം
ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കര്‍ഷകന്‍റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് പ്രകൃത്യാലുള്ള കീട നിയന്ത്രണം സാദ്ധ്യമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ജീവാമൃതം തയ്യാറാക്കുന്ന വിധം

പച്ച ചാണകം – 10 കി.ഗ്രാം
ഗോമൂത്രം – 5 - 10 ലിറ്റര്‍
ശര്‍ക്കര(കറുത്തത്) – 2 കി.ഗ്രാം
ധാന്യപ്പൊടി (പയറുപൊടി കൂടുതല്‍ അനുയോജ്യം) - 2 കി.ഗ്രാം
വന മണ്ണ്(ഫല ഭൂയിഷ്ടമായ മണ്ണ്) – ഒരു പിടി
വെള്ളം – 200 ലിറ്റര്‍

മുകളില്‍ പറഞ്ഞ കൂട്ടുകളില്‍ വെള്ളം ഒഴികെ ബാക്കിയെല്ലാം ഒരു വീപ്പയിലിട്ട് നന്നായി ഇളക്കി ചേര്‍ക്കുക. ശര്‍ക്കര ചെറുതായി പൊടിച്ച് ചേര്‍ക്കണം. വീപ്പയുടെ മുകള്‍ ഭാഗം ഒരു നനഞ്ഞ ചാക്കു കൊണ്ട് മൂടി രണ്ട് ദിവസം വെയ്ക്കുക. ദിവസവും രണ്ടു നേരം മൂടി മാറ്റി മിശ്രിതം ഇളക്കി കൊടുക്കണം. മൂന്നാം ദിവസം 200 ലിറ്റര്‍ പച്ച വെള്ളം ചേര്‍ത്തിളക്കി വിളകള്‍ക്ക് ഒഴിച്ചു കൊടുക്കാം. ജീവാമൃതം തളിക്കുന്നതിനു മുന്‍പു വിളകളുടെ ചുവട്ടില്‍ കരിയില കൊണ്ട് പുതയിടുന്നത് ഗുണഫലം കൂട്ടും. രണ്ടാഴ്ച്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജീവാമൃതം തളിക്കാം.

വളച്ചായ
ചെടികളുടെ വളര്‍ച്ച കൂട്ടാനും വിളവ് വര്‍ദ്ധിപ്പിക്കുവാനും കീട നിയന്ത്രണത്തിനും സഹായിക്കുന്ന ഒരു ജൈവ വളമാണ് വളച്ചായ.

ആവശ്യമായ വസ്തുക്കള്‍

ചാണകം – 5 കി.ഗ്രാം
ഗോമൂത്രം – 10 ലിറ്റര്‍
കടലപ്പിണ്ണാക്ക് – ½ കി.ഗ്രാം
വേപ്പിന്‍ പിണ്ണാക്ക് – ½ കി.ഗ്രാം
ശര്‍ക്കര – ½ കി.ഗ്രാം
പാളയന്‍ കോടന്‍ പഴം – 5 എണ്ണം

ചാണകവും ഗോമൂത്രവും ഒരു ടാങ്കിലോ വീപ്പയിലോ ഇട്ട് നന്നായി ഇളക്കിച്ചേര്‍ത്തതിനു ശേഷം അതിലേക്ക് കടലപിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, ശര്‍ക്കര ലായനി, പഴം ചതച്ചത് എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം വീണ്ടും നന്നായി ഇളക്കിയതിനു ശേഷം 50 ലിറ്റര്‍ വെള്ളം ഒഴിച്ച് വായ്ഭാഗം അടച്ചു വെയ്ക്കുക. ആദ്യത്തെ 10 ദിവസം ദിവസേനെ രണ്ട് പ്രാവശ്യം ഇളക്കി കൊടുക്കണം അതിനു ശേഷമുള്ള പത്തു ദിവസം ഇളക്കാതെ സൂക്ഷിച്ച ശേഷം ഈ ലായനി പുറത്തെടുത്ത് നന്നായി ഇളക്കി പച്ചക്കറികള്‍ക്ക് തളിക്കാം.

ഫിഷ് അമിനോ ആസിഡ്
നല്ലൊരു വളര്‍ച്ചാ ത്വരകമാണ് ഫിഷ് അമിനോ ആസിഡ്. ചെറിയ കഷണങ്ങളായി മുറിച്ച ഒരു കിലോ മത്തിയും ഒരു കിലോ പൊടിച്ച ശര്‍ക്കരയും (കറുത്ത ശര്‍ക്കരയാണ് നല്ലത്) ഒരുമിച്ച് ചേര്‍ത്തിളക്കി വായു കടക്കാത്ത അടപ്പുള്ള ഒരു പാത്രത്തിലിട്ട് അടച്ചു വെയ്ക്കുക. 20 ദിവസത്തിനു ശേഷം തുറന്ന് പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ ചെടികള്‍ക്ക് തളിക്കാം. നാലില പ്രായമായ ചെടികള്‍ തൊട്ട് കായ്ക്കുന്ന പച്ചക്കറി വിളകള്‍ക്കു പോലും വളരെ ഫലപ്രദമാണ് ഈ ലായനി. വീട്ടാവശ്യത്തിനു വാങ്ങുന്ന മത്തിയുടെ അവശിഷ്ടങ്ങള്‍ കൊണ്ട് ഈ ലായനി ഉണ്ടാക്കുമ്പോള്‍ നല്ലൊരു മാലിന്യസംസ്കരണവുമായി.

Thursday 4 December 2014

വളങ്ങളെ പരിചയപ്പെടാം



നാം മണ്ണില്‍ ചേര്‍ക്കുന്ന വളങ്ങള്‍ രാസ രൂപത്തിലായാലും ജൈവ രൂപത്തിലായാലും ചെടികള്‍ അവയെ ആഗിരണം ചെയ്യുന്നത് എല്ലായ്പ്പോഴും രാസ രൂപത്തിലാണ്. നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ് തുടങ്ങി മൊത്തം 16 മൂലകങ്ങള്‍ മണ്ണില്‍ നിന്നും വായുവില്‍ നിന്നും ശേഖരിച്ച് സൂര്യപ്രകാശത്തിന്‍റെ സാനിധ്യത്തില്‍ ഫോട്ടോസിന്തസിസ് എന്ന രാസ പ്രക്രിയ്യയിലൂടെയാണ് ചെടികള്‍ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഈ മൂലകങ്ങളിൽ പ്രധാനികളായ നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ ഓരോ വിളയും അതിനു പ്രത്യേകമായ ഒരു അനുപാതത്തിലാണ് ആഗിരണം ചെയ്യുന്നത്. ഉദാഹരണത്തിനു നെല്ല് 2:1:1 എന്ന അനുപാതത്തില്‍ ആഗിരണം ചെയ്യുമ്പോള്‍ തെങ്ങ് 2:1:4 എന്ന അനുപാതതിലാണ് NPK മൂലകങ്ങള്‍ വലിച്ചെടുക്കുന്നത്.അതായത് നെല്ലിന്‍ നൈട്രജന്‍ കൂടുതല്‍ വേണ്ടി വരുമ്പോള്‍ തെങ്ങിനു കൂടുതല്‍ വേണ്ടത് പൊട്ടാഷ് ആണ്. ഇവ ഓരോന്നും എങ്ങനെ സസ്യങ്ങളെ സഹായിക്കുന്നു എന്ന് നോക്കാം 

ഫോസ്ഫറസ്
ചെടികളില്‍ പൂക്കളും കായ്കളും ഉണ്ടാകാന്‍ സഹായിക്കുന്ന പ്രധാന മൂലകമാണ് ഫോസ്ഫറസ്. അതുപൊലെ തണ്ടുകള്‍ക്ക് ബലം നല്‍കുന്നതും ഫോസ്ഫറസാണ്. ഭൂമിയുടെ മൊത്തം ഭാരത്തിന്‍റെ 0.12 ശതമാനത്തോളം ഫോസ്ഫറസ് ആണെന്നു കണക്കാക്കിയിട്ടുണ്ട്. ജൈവ വളങ്ങളില്‍ ഫോസ്ഫറസിന്‍റെ കലവറയാണ് എല്ല് പൊടി. എല്ല് പൊടിയില്‍ 21 ശതമാനം ഫോസ്ഫറസ് ആണ്. നന്നായി പരിപാലിച്ചെടുത്ത കാലി വളത്തിലും കമ്പോസ്റ്റിലും ഇത് എതാണ്ട് 1.5 ശതമാനം വരെ ആയിരിക്കും.

പൊട്ടാഷ്
ഓരോ ചെടിക്കും ഒരു പ്രത്യേക അനുപാതത്തിലാണ് നൈട്രജനും ഫോസ്ഫറസ്സും വേണ്ടി വരുന്നത് ഈ അനുപാതം നില നിര്‍ത്തുന്ന രീതിയില്‍ വേരിന്‍റെ ആഗിരണ ക്ഷമത നിയന്ത്രിക്കുന്ന ജോലിയാണ് മുഖ്യമായും പൊട്ടാഷിനുള്ളത്. നൈട്രജന്‍ അധികമായാല്‍ ചെടികളില്‍ പൂക്കളും കായ്കളും കുറയും എന്നാല്‍ ഫോസ്ഫറസ് അധികമായാല്‍ ചെടി വളര്‍ച്ചയെത്തുന്നതിനു മുന്പേ പൂക്കാനും കായ്ക്കാനും ഇടയാകും ഫലമോ ചെടി വേഗത്തില്‍ വളര്‍ച്ച മുറ്റി നശിക്കും. ഈ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നത് പൊട്ടാഷാണ്. തെങ്ങിന്‍റെ മടലും ചൂട്ടും കത്തിച്ചുണ്ടാക്കുന്ന ചാരത്തില്‍ 12 ശതമാനം പൊട്ടാഷ് അടങ്ങിയിരിക്കുന്നു.

നൈട്രജന്‍
നല്ലൊരു വളര്‍ച്ചാ ത്വരകമായ നൈട്രജന്‍ വളര്‍ച്ച വേഗത്തിലാക്കുന്നതിനോടൊപ്പം ഇലകള്‍ക്ക് കടും നിറവും നല്‍കുന്നു. ചീര,മുട്ടക്കോസ് എന്നീ ഇലക്കറി വിളകള്‍ക്ക് നൈട്രജന്‍ കൂടുതല്‍ ഗുണം പ്രദാനം ചെയ്യുന്നു. ഫലമൂലാദികളിലെ മാംസ്യാംശം വര്‍ധിപ്പിക്കുവാനും നൈട്രജന് കഴിയും.
ഫോസ്ഫറസ്സും പൊട്ടാഷും മണ്ണില്‍ ഖനിജ രൂപത്തില്‍ കണ്ടുവരാറുണ്ട് പക്ഷെ നൈട്രജന്‍ ഒരിക്കലും ഖനിജ രൂപത്തില്‍ കാണപ്പെടാറില്ല. എന്നാല്‍ നമ്മുടെ അന്തരീക്ഷ വായുവിന്‍റെ 75 ശതമാനവും നൈട്രജന്‍ ആണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. മഴക്കാലത്ത് ഇടിമിന്നല്‍ മൂലം അന്തരീക്ഷത്തിലെ നൈട്രജന്‍ നൈട്രിക് ഓക്സൈഡുകളായി മാറി വെള്ളത്തില്‍ ലയിച്ച് മണ്ണില്‍ കലരാറുണ്ട്. ജന്തു സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ജീര്‍ണിച്ചും മണ്ണില്‍ നൈട്രജന്‍ ഉണ്ടാകുന്നു. പയറു വര്‍ഗ്ഗ ചെടികള്‍ ഒഴികെയുള്ള മറ്റെല്ലാ സസ്യങ്ങളും മണ്ണില്‍ ലയിച്ചു ചേര്‍ന്ന ലവണ രൂപത്തിലുള്ള നൈട്രജനെയാണ് വേരുകള്‍ വഴി വലിച്ചെടുക്കുന്നത്. മണ്ണില്‍ നിന്നും ചെടികളുടെ വളര്‍ച്ചയ്ക്കു വേണ്ടി നീക്കം ചെയ്യപ്പെടുന്ന നൈട്രജന്‍ ഏതെങ്കിലും രൂപത്തില്‍ തിരികെ നിക്ഷേപിക്കാതെ സമൃദ്ധമായ വിളവ് ലഭിക്കുകയില്ല. കന്നുകാലി വളത്തില്‍ നൈട്രജന്റെ അളവ്  ശരാശരി 0.5 ശതമാനം മുതല്‍ 0.9 ശതമാനം വരെ മാത്രമാണ്. ഇത്തരം ജൈവ വളങ്ങള്‍ വെയില്‍ തട്ടാതെ സൂക്ഷിച്ചാല്‍ മാത്രമേ അവയിലെ നൈട്രജന്‍ നിലനില്‍ക്കുകയുമുള്ളൂ. പയറു വര്‍ഗ്ഗ ചെടികള്‍ക്ക് അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് നൈട്രജന്‍ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ നൈട്രജന്‍ അവയുടെ വേരില്‍ കാണപ്പെടുന്ന മുഴകളിലാണ് ശേഖരിക്കപ്പെടുന്നത്. ഇവ പുഷ്പിച്ച് കായ്ച്ചു നശിക്കുമ്പോള്‍ ഇവയുടെ വേര് അഴുകുന്നതോടൊപ്പം ഈ നൈട്രേറ്റ് ലവണങ്ങള്‍ മണ്ണിലെ ഈര്‍പ്പത്തില്‍ പടരുകയും അത് അവിടെ വളരുന്ന മറ്റ് ചെടികള്‍ക്ക് പോഷകമാകുകയും ചെയ്യും. ഇതിനാലാണ് നെല്‍കൃഷി കഴിഞ്ഞ പാടത്ത് പയറിടുന്നത്. ജൈവ വളങ്ങളില്‍ നിന്നും ലഭിക്കുന്ന നൈട്രജന്‍റെ അളവ് വളരെ കുറവായതിനാല്‍ സ്വാഭാവികമായി തന്നെ മണ്ണിലെ നൈട്രജന്‍ വര്‍ദ്ധിപ്പിക്കുന്ന ഈ രീതി പച്ചക്കറി കൃഷിയിലും പരീക്ഷിക്കാവുന്നതാണ്.



Sunday 30 November 2014

മട്ടുപ്പാവിലെ പച്ചക്കറി കൃഷി



വേണ്ടത്ര സ്ഥലം ലഭ്യമല്ലാത്ത നഗരങ്ങളില്‍ വീടിന്‍റെ മട്ടുപ്പാവിലെ സ്ഥലം കൃഷിക്കായി ഉപയോഗിക്കാം. പഴയ പ്ലാസ്റ്റിക് ചാക്കുകള്‍, ചെടി ചട്ടികള്‍, ഗ്രോബാഗുകള്‍ എന്നിവയിലെല്ലാം കൃഷി നടത്താം. ഇവയില്‍ നിറയ്ക്കേണ്ടത് പ്രത്യേകം തയ്യാറാക്കിയ നടീല്‍ മിശ്രിതമാണ്. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി/കമ്പോസ്റ്റ്, എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോര്‍ എന്നിവ മിക്സ് ചെയ്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം. എല്ല് പൊടി നല്ല കായ് ഫലം തരുന്നതിനും, വേപ്പിന്‍ പിണ്ണാക്ക് നിമാവിരകളെയും മറ്റ് കീടങ്ങളെയും നശിപ്പിക്കുന്നതിനും, ചകിരിച്ചോര്‍ നന്നായി വേരു പിടിക്കാനും സഹായിക്കും. ആഗ്രോ സൊസൈറ്റികളില്‍ നിന്നും ഗ്രോ-ബാഗുകളും നടീല്‍ മിശ്രിതവും വിലയ്ക്കു വാങ്ങാനും കിട്ടും.

ചാക്കിന്‍റെ അടി ഭാഗത്തായി മൂന്നോ നാലോ സുഷിരങ്ങളിടണം. ഗ്രോ-ബാഗില്‍ സുഷിരങ്ങള്‍ ഉണ്ടായിരിക്കും. ഈ സുഷിരങ്ങള്‍ ചകിരിയോ ചരലോ ഉപയോഗിച്ച് പാതി അടയ്ക്കണം എന്നിട്ട് രണ്ടിഞ്ച് കനത്തില്‍ മണല്‍ നിരത്തുക അതിന്‍ മീതെ സഞ്ചിയുടെ വാവട്ടത്തിന്‍ ഒന്നര ഇഞ്ച് താഴെ വരെ നടീല്‍ മിശ്രിതം നിറയ്ക്കാം. ചാക്കിന്‍റെ മൂലകള്‍ അകത്തേക്ക് കയറ്റി വെച്ച് വേണം മിശ്രിതം നിറയ്ക്കാന്‍.
കൈ വരിയോട് ചേര്‍ത്തും, അടിയില്‍ ചുമര്‍ വരുന്ന ഭാഗത്തും ചാക്കുകള്‍ വയ്ക്കാം. ഇഷ്ടികയോ പൊട്ടിയ ഓടിന്‍റെ കഷണങ്ങളോ ഉപയോഗിച്ച് തറയില്‍ നിന്ന് അല്‍പം ഉയര്‍ത്തി വേണം ചാക്കുകള്‍ വയ്ക്കേണ്ടത്. പടര്‍ന്ന് കയറുന്ന പച്ചക്കറികളാണ് നടാന്‍ ഉദ്ദേശിക്കുന്ന്തെങ്കില്‍ പന്തലിടാനുള്ള സൌകര്യം കൂടി നോക്കി വേണം ചാക്കുകള്‍ ക്രമീകരിക്കാന്‍.

ഒരു ചാക്കില്‍ തന്നെ ഒന്നിലധികം വിളകള്‍ കൃഷി ചെയ്യാം. പെട്ടെന്ന് വിളവെടുക്കാവുന്ന ചീരയോ, കുറ്റിപ്പയറോ വഴുതനയോ മുളകോ കൃഷി ചെയ്യുന്ന ചാക്കില്‍ തന്നെ നടാവുന്നതാണ്. വൈകുന്നേരമാണ് തൈ നടാന്‍ പറ്റിയ സമയം. വിത്ത് രണ്ട് സെന്‍റീ മീറ്ററിലധികം താഴ്ത്തി നടരുത്. വേനലില്‍ തൈകള്‍ക്ക് തണല്‍ നല്‍കുകയും വേണം. 

ടെറസ്സിലെ കൃഷിയ്ക്ക് തുള്ളി നനയാണ് അഭികാമ്യം. പ്ലാസ്റ്റിക് കവറുകളിലോ ബോട്ടിലുകളിലോ അടിയില്‍ ചെറിയ സുഷിരങ്ങളിട്ട് വെള്ളം നിറച്ച് ചെടിയുടെ ചുവട്ടില്‍ ച്ചാല്‍ ചിലവു കുറഞ്ഞ ട്രിപ്പ് ഇറിഗേഷനായി. ഒരിക്കലും ചാക്കില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്ന വിധത്തില്‍ വെള്ളം ഒഴിക്കരുത്. വെള്ളത്തിനൊപ്പം വളം കൂടി ഒലിച്ചു പോകാന്‍ അത് കാരണമാകും. ഒരേ ചാക്കില്‍ തുടര്‍ച്ചയായി നാലോ അഞ്ചോ തവണ കൃഷി ചെയ്യാം. ഒരോ തവണയും പച്ചക്കറി നടുന്നതിനു മുന്പു നന്നായി ജൈവ വളം ചേര്‍ത്ത് മണ്ണിളക്കണമെന്നു മാത്രം. നടീല്‍ മിശ്രിതത്തിനൊപ്പം 50ഗ്രാം അസോസ് പൈറില്ലം ചേര്‍ക്കുന്നത് വളര്‍ച്ച വേഗത്തിലാക്കും.



രാസവളങ്ങളും രാസകീടനാശിനികളും മട്ടുപ്പാവിലെ കൃഷിയില്‍ ഒഴിവാക്കുക. വീട്ടിലെ ജൈവ മാലിന്യങ്ങളില്‍ നിന്നുണ്ടാക്കിയ കമ്പോസ്റ്റും, ചാണകപ്പൊടിയും, കോഴി കാഷ്ടവും ഒക്കെ ക്രമമായ ഇടവേളകളില്‍ ഇട്ടു കൊടുത്താല്‍ മതി നല്ല വിളവു ലഭിക്കും.

മട്ടുപ്പാവിലെ കൃഷിക്കു ചുറ്റും മറ്റു ചെടികൾ ഇല്ലാത്തതിനാലും തറ നിരപ്പില്‍ നിന്നും വളരെ ഉയരത്തിലായതിനാലും കീടങ്ങളുടെ ശല്യം കുറവായിരിക്കും. രാവിലെയോ വൈകുന്നേരമോ തോട്ടത്തിലൂടെ ഒരു കറക്കം ശീലമാക്കിയാല്‍ പുഴുക്കളേയും മറ്റും കണ്ടെത്തി നശിപ്പിക്കാം. മൂഞ്ഞയും വെള്ളീച്ചയും പോലെയുള്ള നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ശല്യം രൂക്ഷമായാല്‍ പുകയില കഷായം ഉണ്ടാക്കി തളിച്ചു കൊടുക്കണം.

പുകയില കഷായം ഉണ്ടാക്കുന്ന വിധം

250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഒരു ദിവസത്തിനു ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റി സത്ത് അരിച്ചെടുക്കുക. 75ഗ്രാം ബാര്‍ സോപ്പ് ചെറിയ ചീളുകളായി അരിഞ്ഞെടുത്ത് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് സോപ്പു ലായനി ഉണ്ടാക്കുക. സോപ്പുലായനി പുകയില കഷായവുമായി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ലായനി ആറിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം.