Thursday, 8 January 2015

കേരളത്തിന്‍റെ സ്വന്തം ജൈവ കീടനാശിനികള്‍നന്മ(Nanma), മേന്മ(Menma), ശക്തി(Shakthi), ശ്രേയ(Shreya) ശ്രീകാര്യത്തെ കിഴങ്ങു വിള ഗവേഷണ കേന്ദ്രം മരച്ചീനിയിലയില്‍ നിന്നു വികസിപ്പിച്ചെടുത്ത ജൈവകീടനാശിനികളാണിവ. പച്ചക്കറികളിലെ മുഞ്ഞ, ഇലച്ചെള്ള് എന്നിവയ്ക്ക് ശക്തി അല്ലെങ്കില്‍ നന്മ ഒരു ലിറ്റര്‍ വെള്ളത്തില്‍ 7 മുതല്‍ 10 മില്ലി വരെ എടുത്ത് നന്നായി കലക്കി കീട ബാധയുള്ള സ്ഥലങ്ങളില്‍ മാത്രം സ്പ്രേ ചെയ്യുക. 

മീലി മൂട്ട എന്ന വെളുത്ത കീടം പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് സുപരിചിതമായിരിക്കും. മീലി മൂട്ടയെ പൂര്‍ണ്ണമായി നശിപ്പിക്കുവാന്‍ വിപണിയില്‍ നാളിതുവരെ ലഭ്യമായ കീടനാശിനികള്‍ക്കൊന്നും തന്നെ കഴിവില്ല. ഈ കീടത്തിന്റെ സങ്കീര്‍ണമായ ബോഡി സ്ട്രക്ചര്‍ ആണിതിനു കാരണം. ഇതിനെതിരെ പ്രയോഗിക്കാവുന്ന വളരെ ഫലപ്രദമായ ഒരു കീടനാശിനിയാണ് ശ്രേയ. 15 മുതല്‍ 20 മില്ലി വരെ ശ്രേയ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി കീടബാധയുള്ള സ്ഥലങ്ങളില്‍ സ്പ്രേ ചെയ്യുക. മുളക്, പയറ്, തക്കാളി, പാവല്‍,പടവലം,വഴുതന,കോവല്‍ തുടങ്ങിയവയ്ക്ക് ഇത് തളിക്കാവുന്നതാണ്

വാഴയിലെ തടതുരപ്പന്‍ പുഴുവിനെതിരെ നന്മ പ്രയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 മില്ലി എന്ന തോതില്‍ കലക്കി വാഴയുടെ തടിയില്‍ മുഴുവന്‍ സ്പ്രേ ചെയ്യുക. വാഴയുടെ നാലാം മാസത്തിലും ആറാം മാസത്തിലും ഇത്തരത്തില്‍ സ്പ്രേ ചെയ്യണം. പൂവന്‍, കിന്‍റല്‍ ഏത്തന്‍ എന്നിവയ്ക്ക് ഒരു സ്പ്രേ കൂടി നല്‍കുന്നത് അഭികാമ്യം.

വാഴയിലെ ഇലതീനി പുഴുക്കള്‍ക്കെതിരെ നന്മ 10- 15 മില്ലി എടുത്ത് 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ സ്പ്രേ ചെയ്യുക.
തടതുരപ്പന്‍ പുഴുക്കള്‍ക്കെതിരെ മുന്‍കരുതല്‍ എന്ന നിലയിലാണ് നന്മ തളിക്കുന്നത്. വാഴയില്‍ തടതുരപ്പ്ന്‍ പുഴുവിന്‍റെ ആക്രമണം ഉണ്ടാകുന്നത് നാലാം മാസം മുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


തടതുരപ്പന്‍ പുഴു ബാധിച്ച വാഴയില്‍ മേന്മ എന്ന ജൈവ മിശ്രിതം 20 മില്ലി സിറിഞ്ചില്‍ എടുത്ത് കീടാക്രമണം കാണുന്നതിനു 5 മുതല്‍ 10 സെന്‍റി മീറ്റര്‍ താഴെ കുത്തി വെയ്ക്കുക. പിന്നീട് സിറിഞ്ചിന്‍റെ സൂചി ക്രമേണ 2 സെന്‍റി മീറ്റര്‍ എന്ന തോതില്‍ പുറകോട്ട് വലിച്ച് മരുന്ന് കുത്തി വെയ്ക്കുക ഇപ്രകാരം വാഴയുടെ മറ്റ് രണ്ട് വശങ്ങളില്‍ കൂടി കുത്തി വെയ്ക്കണം.

വാഴയിലെ മാണപ്പുഴുവിനെതിരെയും നന്മ പ്രയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോ ചാണകം കലക്കി അതില്‍ 200 മില്ലി നന്മ ചേര്‍ത്ത് ഇളക്കുക. ചെത്തി വൃത്തിയാക്കിയ വാഴ കന്ന് ഈ മിശ്രിതത്തില്‍ നാമ്പ് നനയ്ക്കാതെ മുക്കി തണലില്‍ മൂന്ന് ദിവസം ഉണക്കിയിട്ട് നടുക. നട്ട് രണ്ടാഴ്ച കഴിഞ്ഞ ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 മില്ലി നന്മ കലക്കി പുതു നാമ്പില്‍ വീഴാതെ കന്നിന്‍റെ മുകള്‍ വശം നനയ്ക്കുക. 

കര്‍ഷകര്‍ക്ക് വളരെ പ്രയോജനമായ ഈ കീടനാശിനികള്‍ ഇപ്പോള്‍ മാര്‍ക്കെറ്റില്‍ ലഭ്യമല്ല. ശ്രീകാര്യത്തുള്ള കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഇവ വാങ്ങാന്‍ കിട്ടും. ഗവേഷണത്തിന്‍റെ ഭാഗമായി കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും ഇതിന്‍റെ ഗുണമേന്മ തിരിച്ചറിഞ്ഞു കര്‍ഷകര്‍ നെരിട്ടെത്തി ഈ കീടനാശിനികള്‍ വാങ്ങുന്നതിനാല്‍ കൂടിയ അളവില്‍ വേണമെന്നുള്ളവര്‍ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടി വരുന്നുണ്ട്. 

ഈ ഗവേഷണത്തില്‍ മുഖ്യ പങ്കു വഹിച്ച ഡോ. സി.എ. ജയപ്രകാശിന്‍റെ ഒരു ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ നിന്നു മനസ്സിലാക്കാന്‍ സാധിച്ചത് വളരെ വില കുറഞ്ഞ, ഫലപ്രദമായ ഈ കീടനാശിനികള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമാകുമെന്നു തന്നെയാണ്. എന്നാല്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുവാന്‍ ഇനിയും ഏറെ കടംമ്പകള്‍ ബാക്കിയുണ്ട്. വില കൂടിയ കീടനാശിനികള്‍ മാര്‍ക്കെറ്റില്‍ എത്തിക്കുന്ന വന്‍ കിട കുത്തക മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്ക് എതിരായിരിക്കും ഇവയുടെ കടന്നുവരവ്. അതുകൊണ്ട് തന്നെ കര്‍ഷകരുടെയും കൃഷിയെ സ്നേഹിക്കുന്നവരുടെയും പിന്തുണയും പ്രയത്നവും  ഡോ. ജയപ്രകാശ് സാറിനും അദ്ദേഹത്തിന്‍റെ ടീമിനും ലഭിക്കേണ്ടതുണ്ട്. 

കടപ്പാട്
വിവരങ്ങള്‍ക്ക്: കിഴങ്ങ് വിള ഗവേഷണ കേന്ദ്രം, ശ്രീകാര്യം
ചിത്രങ്ങള്‍ക്ക്: ഗൂഗിള്‍


No comments: