Saturday, 13 December 2014

ജൈവ വളങ്ങള്‍രാസവളങ്ങള്‍ പരമാവധി ഒഴിവാക്കി പകരം ജൈവ വളങ്ങളും ജീവാണു വളങ്ങളും ഉപയോഗിക്കുന്ന ഒരു പ്രവണതയ്ക്ക് കേരളത്തില്‍ പ്രചാരം വര്‍ധിച്ചു വരുന്നുണ്ട്. എന്നാല്‍ കൃഷി കൂടുതല്‍ ആദായകരമാകണമെങ്കില്‍ ജൈവ വളങ്ങളെ, പ്രത്യേകിച്ച് വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്യാവുന്ന ജൈവവളങ്ങളെ, ആശ്രയിച്ചുള്ള ഒരു കൃഷി രീതിയ്ക്കാണ് മുന്ഗണന കൊടുക്കേണ്ടത്. ജീവാണു വളങ്ങള്‍ മണ്ണിനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുമെങ്കിലും അത് രാസവളം പോലെ തന്നെ കര്‍ഷകന്‍റെ കീശ കാലിയാക്കും. മികച്ച ജൈവ വളങ്ങള്‍ എങ്ങനെ വീട്ടില്‍ തയ്യാറാക്കാമെന്ന് നോക്കാം.

ശീമക്കൊന്ന
കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു പച്ചില വള മരമാണ് ശീമക്കൊന്ന. എത്ര കോതിയാലും വീണ്ടും പൊട്ടി മുളയ്ക്കാനുള്ള ഇതിന്‍റെ കഴിവ് അത്ഭുതാവഹമാണ്. ഇതിന്‍റെ മൃദുലമായ ഇലകള്‍ മണ്ണില്‍ വീണു കഴിഞ്ഞാല്‍ വേഗത്തില്‍ ചീഞ്ഞളിഞ്ഞു ജൈവാംശമായി മണ്ണില്‍ കലരും. പണ്ടുകാലത്ത് പറമ്പുകളുടെ അതിരില്‍ ശീമക്കൊന്ന ധാരാളമായി വളര്‍ത്തിയിരുന്നു എന്നാല്‍ ഇന്ന് ഇതിന്‍റെ സ്ഥാനം മുള്ളു വേലികള്‍ ഏറ്റെടുത്തതോടെ ഈ മരം അന്യം നിന്നു പോകുന്ന അവസ്ഥയാണ്. ശീമക്കൊന്നകളുടെ ഇലകള്‍ ശേഖരിച്ച് പച്ചക്കറികള്‍ക്ക് പുതയിടുന്നതു വഴി വേനലില്‍ മണ്ണില്‍ നിന്നും ജൈവാംശം വിഘടിച്ച് കാര്‍ബണ്‍ ഡൈ ഒക്സൈഡായി നഷ്ട്പ്പെടുന്നത് തടയാം. കൂടാതെ ഇലകള്‍ അഴുകി മണ്ണില്‍ ചേരുമ്പോള്‍ നല്ലൊരു നൈട്രജന്‍ വളവുമാകും.

അസോള
വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്ന ജല സസ്യമായ അസോള നല്ലൊരു ജൈവ വളമെന്നതിലുപരി ഒരു കോഴി തീറ്റയും, കാലി തീറ്റയുമാണ്. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ഉള്ളിലെ കോശങ്ങളില്‍ സൂക്ഷിക്കുവാന്‍ അസോളയ്ക്ക് കഴിവുണ്ട്. അസോള വളമായി നല്‍കുമ്പോള്‍ ഈ നൈട്രജന്‍ ചെടികള്‍ക്ക് ലഭിക്കും.
മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം മിനിമം ഒരടി വേണം. വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിര്‍ണ്ണയിക്കാം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം. പ്ലാസ്റ്റിക് ഷീറ്റിനു മീതെ വളക്കൂറുള്ള മണ്ണ് നിരത്തണം അതിനു ശേഷം പച്ച ചാണകം വെള്ളത്തില്‍ കലക്കി മണ്ണിനു മീതെ ഒഴിക്കണം. ഇനി അരയടി ഉയരത്തില്‍ വെള്ളം നിറയ്ക്കാം.വെള്ളത്തിനു മുകളിലായി അസോള വിത്ത് വിതറണം. വിത്ത് വിതറിയ ശേഷം ഒരു കമ്പ് കൊണ്ട് നന്നായി കുളം ഇളക്കി കൊടുക്കണം. രണ്ടാഴ്ച കൊണ്ട് അസോള വളര്‍ന്നു വരും. രണ്ടര ആഴ്ച കഴിഞ്ഞാല്‍ വിളവെടുത്തു തുടങ്ങാം. വെള്ളത്തില്‍ നിന്ന് വാരിയെടുക്കുന്ന അസോള നേരിട്ട് ചെടിയുടെ ചുവട്ടിലിടാം. വൃത്തിയായി കഴുകിയ ശേഷം കാലിത്തീറ്റയുമായി ചേര്‍ത്ത് കാലികള്‍ക്കും കൊടുക്കാവുന്നതാണ്. ആഴ്ച തോറും പച്ച ചാണകം കുളത്തിലേക്ക് ഇട്ടു കൊടുക്കണം. കുളത്തിലെ വെള്ളം എല്ലായ്പ്പോഴും അരയടിയായി നില നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക. തണലുള്ള സ്ഥലങ്ങളാണ് അസോള കൃഷിയ്ക്ക് അനുയോജ്യം.

മുരിക്ക്
അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് അമോണിയ രൂപത്തില്‍ മണ്ണില്‍ നിക്ഷേപിക്കാന്‍ കഴിവുള്ള ഒരു നാടന്‍ മരമാണ് മുരിക്ക്. കുരുമുളക് പടര്‍ത്താനും വേലിക്ക് ഉറപ്പ് പകരാനും മുരിക്ക് നടാം. ഇതിന്‍റെ ഇലകളും വേഗത്തില്‍ ചീഞ്ഞളിഞ്ഞ് വളമായി മാറുന്നവയാണ്.

ജീവാമൃതം
ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കര്‍ഷകന്‍റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ചെടികള്‍ക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് പ്രകൃത്യാലുള്ള കീട നിയന്ത്രണം സാദ്ധ്യമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ജീവാമൃതം തയ്യാറാക്കുന്ന വിധം

പച്ച ചാണകം – 10 കി.ഗ്രാം
ഗോമൂത്രം – 5 - 10 ലിറ്റര്‍
ശര്‍ക്കര(കറുത്തത്) – 2 കി.ഗ്രാം
ധാന്യപ്പൊടി (പയറുപൊടി കൂടുതല്‍ അനുയോജ്യം) - 2 കി.ഗ്രാം
വന മണ്ണ്(ഫല ഭൂയിഷ്ടമായ മണ്ണ്) – ഒരു പിടി
വെള്ളം – 200 ലിറ്റര്‍

മുകളില്‍ പറഞ്ഞ കൂട്ടുകളില്‍ വെള്ളം ഒഴികെ ബാക്കിയെല്ലാം ഒരു വീപ്പയിലിട്ട് നന്നായി ഇളക്കി ചേര്‍ക്കുക. ശര്‍ക്കര ചെറുതായി പൊടിച്ച് ചേര്‍ക്കണം. വീപ്പയുടെ മുകള്‍ ഭാഗം ഒരു നനഞ്ഞ ചാക്കു കൊണ്ട് മൂടി രണ്ട് ദിവസം വെയ്ക്കുക. ദിവസവും രണ്ടു നേരം മൂടി മാറ്റി മിശ്രിതം ഇളക്കി കൊടുക്കണം. മൂന്നാം ദിവസം 200 ലിറ്റര്‍ പച്ച വെള്ളം ചേര്‍ത്തിളക്കി വിളകള്‍ക്ക് ഒഴിച്ചു കൊടുക്കാം. ജീവാമൃതം തളിക്കുന്നതിനു മുന്‍പു വിളകളുടെ ചുവട്ടില്‍ കരിയില കൊണ്ട് പുതയിടുന്നത് ഗുണഫലം കൂട്ടും. രണ്ടാഴ്ച്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജീവാമൃതം തളിക്കാം.

വളച്ചായ
ചെടികളുടെ വളര്‍ച്ച കൂട്ടാനും വിളവ് വര്‍ദ്ധിപ്പിക്കുവാനും കീട നിയന്ത്രണത്തിനും സഹായിക്കുന്ന ഒരു ജൈവ വളമാണ് വളച്ചായ.

ആവശ്യമായ വസ്തുക്കള്‍

ചാണകം – 5 കി.ഗ്രാം
ഗോമൂത്രം – 10 ലിറ്റര്‍
കടലപ്പിണ്ണാക്ക് – ½ കി.ഗ്രാം
വേപ്പിന്‍ പിണ്ണാക്ക് – ½ കി.ഗ്രാം
ശര്‍ക്കര – ½ കി.ഗ്രാം
പാളയന്‍ കോടന്‍ പഴം – 5 എണ്ണം

ചാണകവും ഗോമൂത്രവും ഒരു ടാങ്കിലോ വീപ്പയിലോ ഇട്ട് നന്നായി ഇളക്കിച്ചേര്‍ത്തതിനു ശേഷം അതിലേക്ക് കടലപിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, ശര്‍ക്കര ലായനി, പഴം ചതച്ചത് എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം വീണ്ടും നന്നായി ഇളക്കിയതിനു ശേഷം 50 ലിറ്റര്‍ വെള്ളം ഒഴിച്ച് വായ്ഭാഗം അടച്ചു വെയ്ക്കുക. ആദ്യത്തെ 10 ദിവസം ദിവസേനെ രണ്ട് പ്രാവശ്യം ഇളക്കി കൊടുക്കണം അതിനു ശേഷമുള്ള പത്തു ദിവസം ഇളക്കാതെ സൂക്ഷിച്ച ശേഷം ഈ ലായനി പുറത്തെടുത്ത് നന്നായി ഇളക്കി പച്ചക്കറികള്‍ക്ക് തളിക്കാം.

ഫിഷ് അമിനോ ആസിഡ്
നല്ലൊരു വളര്‍ച്ചാ ത്വരകമാണ് ഫിഷ് അമിനോ ആസിഡ്. ചെറിയ കഷണങ്ങളായി മുറിച്ച ഒരു കിലോ മത്തിയും ഒരു കിലോ പൊടിച്ച ശര്‍ക്കരയും (കറുത്ത ശര്‍ക്കരയാണ് നല്ലത്) ഒരുമിച്ച് ചേര്‍ത്തിളക്കി വായു കടക്കാത്ത അടപ്പുള്ള ഒരു പാത്രത്തിലിട്ട് അടച്ചു വെയ്ക്കുക. 20 ദിവസത്തിനു ശേഷം തുറന്ന് പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ ചെടികള്‍ക്ക് തളിക്കാം. നാലില പ്രായമായ ചെടികള്‍ തൊട്ട് കായ്ക്കുന്ന പച്ചക്കറി വിളകള്‍ക്കു പോലും വളരെ ഫലപ്രദമാണ് ഈ ലായനി. വീട്ടാവശ്യത്തിനു വാങ്ങുന്ന മത്തിയുടെ അവശിഷ്ടങ്ങള്‍ കൊണ്ട് ഈ ലായനി ഉണ്ടാക്കുമ്പോള്‍ നല്ലൊരു മാലിന്യസംസ്കരണവുമായി.

No comments: