നാം മണ്ണില്‍ ചേര്‍ക്കുന്ന വളങ്ങള്‍ രാസ
രൂപത്തിലായാലും ജൈവ രൂപത്തിലായാലും ചെടികള്‍ അവയെ ആഗിരണം ചെയ്യുന്നത്
എല്ലായ്പ്പോഴും രാസ രൂപത്തിലാണ്. നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ്
തുടങ്ങി മൊത്തം 16 മൂലകങ്ങള്‍ മണ്ണില്‍ നിന്നും വായുവില്‍ നിന്നും ശേഖരിച്ച് സൂര്യപ്രകാശത്തിന്റെ
സാനിധ്യത്തില്‍ ഫോട്ടോസിന്തസിസ് എന്ന രാസ പ്രക്രിയ്യയിലൂടെയാണ് ചെടികള്‍
വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഈ മൂലകങ്ങളിൽ പ്രധാനികളായ നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ ഓരോ വിളയും അതിനു പ്രത്യേകമായ ഒരു
അനുപാതത്തിലാണ് ആഗിരണം ചെയ്യുന്നത്.
ഉദാഹരണത്തിനു നെല്ല് 2:1:1 എന്ന അനുപാതത്തില്‍ ആഗിരണം ചെയ്യുമ്പോള്‍ തെങ്ങ് 2:1:4
എന്ന അനുപാതതിലാണ് NPK മൂലകങ്ങള്‍ വലിച്ചെടുക്കുന്നത്.അതായത് നെല്ലിന്
നൈട്രജന്‍ കൂടുതല്‍ വേണ്ടി വരുമ്പോള്‍ തെങ്ങിനു കൂടുതല്‍ വേണ്ടത് പൊട്ടാഷ് ആണ്. ഇവ ഓരോന്നും എങ്ങനെ സസ്യങ്ങളെ സഹായിക്കുന്നു എന്ന് നോക്കാം
ഫോസ്ഫറസ്
ചെടികളില്‍ പൂക്കളും കായ്കളും ഉണ്ടാകാന്‍
സഹായിക്കുന്ന പ്രധാന മൂലകമാണ് ഫോസ്ഫറസ്. അതുപൊലെ തണ്ടുകള്‍ക്ക് ബലം നല്‍കുന്നതും
ഫോസ്ഫറസാണ്. ഭൂമിയുടെ മൊത്തം ഭാരത്തിന്റെ 0.12 ശതമാനത്തോളം ഫോസ്ഫറസ് ആണെന്നു
കണക്കാക്കിയിട്ടുണ്ട്. ജൈവ വളങ്ങളില്‍ ഫോസ്ഫറസിന്റെ കലവറയാണ് എല്ല് പൊടി. എല്ല്
പൊടിയില്‍ 21 ശതമാനം ഫോസ്ഫറസ് ആണ്. നന്നായി പരിപാലിച്ചെടുത്ത കാലി വളത്തിലും
കമ്പോസ്റ്റിലും ഇത് എതാണ്ട് 1.5 ശതമാനം വരെ ആയിരിക്കും.
പൊട്ടാഷ്
ഓരോ ചെടിക്കും ഒരു പ്രത്യേക അനുപാതത്തിലാണ്
നൈട്രജനും ഫോസ്ഫറസ്സും വേണ്ടി വരുന്നത് ഈ അനുപാതം നില നിര്‍ത്തുന്ന രീതിയില്‍
വേരിന്റെ ആഗിരണ ക്ഷമത നിയന്ത്രിക്കുന്ന ജോലിയാണ് മുഖ്യമായും പൊട്ടാഷിനുള്ളത്.
നൈട്രജന്‍ അധികമായാല്‍ ചെടികളില്‍ പൂക്കളും കായ്കളും കുറയും എന്നാല്‍ ഫോസ്ഫറസ്
അധികമായാല്‍ ചെടി വളര്‍ച്ചയെത്തുന്നതിനു മുന്‍പേ പൂക്കാനും കായ്ക്കാനും ഇടയാകും
ഫലമോ ചെടി വേഗത്തില്‍ വളര്‍ച്ച മുറ്റി നശിക്കും. ഈ അപകടങ്ങള്‍ ഒഴിവാക്കാന്‍
സഹായിക്കുന്നത് പൊട്ടാഷാണ്. തെങ്ങിന്റെ മടലും ചൂട്ടും കത്തിച്ചുണ്ടാക്കുന്ന
ചാരത്തില്‍ 12 ശതമാനം പൊട്ടാഷ് അടങ്ങിയിരിക്കുന്നു.
നൈട്രജന്‍
നല്ലൊരു വളര്‍ച്ചാ ത്വരകമായ നൈട്രജന്‍ വളര്‍ച്ച
വേഗത്തിലാക്കുന്നതിനോടൊപ്പം ഇലകള്‍ക്ക് കടും നിറവും നല്കുന്നു. ചീര,മുട്ടക്കോസ് എന്നീ ഇലക്കറി വിളകള്‍ക്ക്
നൈട്രജന്‍ കൂടുതല്‍ ഗുണം പ്രദാനം ചെയ്യുന്നു. ഫലമൂലാദികളിലെ മാംസ്യാംശം വര്‍ധിപ്പിക്കുവാനും
നൈട്രജന്‍ കഴിയും.
ഫോസ്ഫറസ്സും പൊട്ടാഷും മണ്ണില്‍ ഖനിജ രൂപത്തില്‍
കണ്ടുവരാറുണ്ട് പക്ഷെ നൈട്രജന്‍ ഒരിക്കലും ഖനിജ രൂപത്തില്‍ കാണപ്പെടാറില്ല. എന്നാല്‍
നമ്മുടെ അന്തരീക്ഷ വായുവിന്റെ 75 ശതമാനവും നൈട്രജന്‍ ആണെന്ന് നിങ്ങള്‍ക്കറിയാമല്ലോ.
മഴക്കാലത്ത് ഇടിമിന്നല്‍ മൂലം അന്തരീക്ഷത്തിലെ നൈട്രജന്‍ നൈട്രിക് ഓക്സൈഡുകളായി
മാറി വെള്ളത്തില്‍ ലയിച്ച് മണ്ണില്‍ കലരാറുണ്ട്. ജന്തു സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍
ജീര്‍ണിച്ചും മണ്ണില്‍ നൈട്രജന്‍ ഉണ്ടാകുന്നു. പയറു വര്‍ഗ്ഗ ചെടികള്‍ ഒഴികെയുള്ള
മറ്റെല്ലാ സസ്യങ്ങളും മണ്ണില്‍ ലയിച്ചു ചേര്‍ന്ന ലവണ രൂപത്തിലുള്ള നൈട്രജനെയാണ്
വേരുകള്‍ വഴി വലിച്ചെടുക്കുന്നത്. മണ്ണില്‍ നിന്നും ചെടികളുടെ വളര്‍ച്ചയ്ക്കു
വേണ്ടി നീക്കം ചെയ്യപ്പെടുന്ന നൈട്രജന്‍ ഏതെങ്കിലും രൂപത്തില്‍ തിരികെ
നിക്ഷേപിക്കാതെ സമൃദ്ധമായ വിളവ് ലഭിക്കുകയില്ല. കന്നുകാലി വളത്തില്‍ നൈട്രജന്റെ അളവ് ശരാശരി 0.5
ശതമാനം മുതല്‍ 0.9 ശതമാനം വരെ മാത്രമാണ്. ഇത്തരം ജൈവ വളങ്ങള്‍ വെയില് തട്ടാതെ സൂക്ഷിച്ചാല്‍ മാത്രമേ
അവയിലെ നൈട്രജന്‍ നിലനില്ക്കുകയുമുള്ളൂ. പയറു വര്‍ഗ്ഗ ചെടികള്‍ക്ക്
അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് നൈട്രജന്‍ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ
നൈട്രജന്‍ അവയുടെ വേരില്‍ കാണപ്പെടുന്ന മുഴകളിലാണ് ശേഖരിക്കപ്പെടുന്നത്. ഇവ പുഷ്പിച്ച്
കായ്ച്ചു നശിക്കുമ്പോള്‍ ഇവയുടെ വേര് അഴുകുന്നതോടൊപ്പം ഈ നൈട്രേറ്റ് ലവണങ്ങള്‍
മണ്ണിലെ ഈര്‍പ്പത്തില്‍ പടരുകയും അത് അവിടെ വളരുന്ന മറ്റ് ചെടികള്‍ക്ക്
പോഷകമാകുകയും ചെയ്യും. ഇതിനാലാണ് നെല്‍കൃഷി കഴിഞ്ഞ പാടത്ത് പയറിടുന്നത്. ജൈവ
വളങ്ങളില്‍ നിന്നും ലഭിക്കുന്ന നൈട്രജന്റെ അളവ് വളരെ കുറവായതിനാല്‍ സ്വാഭാവികമായി
തന്നെ മണ്ണിലെ നൈട്രജന്‍ വര്‍ദ്ധിപ്പിക്കുന്ന ഈ രീതി പച്ചക്കറി കൃഷിയിലും പരീക്ഷിക്കാവുന്നതാണ്.
1 comment:
Agriculture of Kerala
Post a Comment